Saturday 28 March 2020

പാഠങ്ങൾ

                    ലോകം മുഴുവൻ ഒരു കൂട്ടം വൈറസുകൾ കാർന്നു തിന്നുന്നുമ്പോൾ ഒറ്റമുറിയുടെ ഏകാന്തതയിലേക്ക്  വലിച്ചെറിയ-
പ്പെടുമ്പോൾ ഇരുപതാം നൂറ്റാണ്ട്  മനുഷ്യരാശിയുടെ അന്തകനാവും എന്ന് വിശ്വസിക്കുന്നവരോട് ..........
                          ഇത്  അന്ത്യമല്ല,മറിച്ച് ഒരു നല്ല തിരിച്ചറിവിനും,തുടക്കത്തിനും മുന്നോടിയായുള്ള ഭീഷണിയോ നിർദ്ദേശമോ മാത്രമാണ് .നിർലോഭമായ വികാരങ്ങൾക്കും അനിയന്ത്രിതമായ ജീവിതശൈലികൾക്കും കൊടികുത്തിയ  അന്തവിശ്വാസങ്ങൾക്കും അപ്പുറം യാഥാസ്ഥിതികതയുടെ  ലളിതമായ ഒരു ജീവിതം മനുഷ്യന് ഉണ്ടെന്ന് സ്വയം തിരിച്ചറിയാനുള്ള ഒരു പ്രാക്ടിക്കൽ ക്ലാസ് .
                      ഭൂമിക്ക് പുറത്തു മറ്റൊരു ഭാഗത്തു നിന്ന് നോക്കുമ്പോൾ ഭൂമി ഒരു ഗോളം മാത്രമാണ്.കരയും കടലും പോലും വേർതിരിച്ചറിയാൻ ആവാത്ത ഒറ്റ ഗോളം.എന്നാൽ ഇങ്ങു ആകാസത്തിനു കീഴെ ഭൂഖണ്ഡങ്ങളും,രാജ്യങ്ങളും സംസ്ഥാനങ്ങളും,ജാതി-മത ചിന്തകളും, രാഷ്ട്രീയവും നിറവും വരെ ഭൂമിയെ-മനുഷ്യനെ-വേർതിരിക്കുന്നു."ഞാനും നീയും " തമ്മിൽ പലതരത്തിൽ അന്തരങ്ങൾ ഉണ്ടെന്നും അതനുസരിച്ചു ജീവിക്കണമെന്നും സ്വയം പഠിപ്പിക്കുന്നു.പണത്തിനു വാങ്ങാൻ കഴിയാത്ത ദൈവവും രാഷ്ട്രീയവും ഇല്ലെന്നു ഒരു കൂട്ടർ പറയുമ്പോൾ,മനുഷ്യത്വ രഹിതമായ ആചാരവിശ്വാസങ്ങളിൽ വീഴാത്ത ഒരു ദൈവവും ഇല്ലെന്നു മറ്റൊരു കൂട്ടർ പറയുന്നു. പരിശുദ്ധമായ സ്നേഹത്തിനും അപ്പുറം സ്വാർത്ഥതയുടെ കീഴടക്കൽ ആണ് മനുഷ്യൻ എന്ന് വിശ്വസിക്കുന്നവരും ഉണ്ട് .
               സ്വന്തം ബുദ്ധിമുട്ടിനേക്കാൾ അന്യന്റെ സുഖത്തിൽ അസ്വസ്ഥനാകുന്ന മനുഷ്യന് ഈ കുഞ്ഞു വൈറസുകൾ നൽകുന്ന തിരിച്ചറിവുകൾ എന്താകും..???
   വർത്തമാനകാല ലോകത്തിൽ നോക്കുക.ആരാധനാലയങ്ങൾ അടക്കപ്പെട്ടു .നഗരങ്ങൾ നിശ്ചലമായിരിക്കുന്നു.ശത്രുവിനോടും മിത്രത്തോടും ഒരേ അകലം പാലിക്കേണ്ടി വരുന്നു.ലോകരാഷ്ട്രങ്ങളുടെ ആശയവിനിമയങ്ങൾ യുദ്ധത്തിൽ നിന്നും വഴുതിപ്പോകുന്നു.നിറവും ജാതിയും പണവും അതിർത്തി സൃഷ്‌ടിച്ച നമ്മുടെ കുലത്തിൽ എല്ലാവരും ഒരുപോലെ അതിജീവനത്തിനു ശ്രെമിക്കുന്നു.അതിവേഗം വ്യാപിക്കുന്ന രോഗത്തെ മറികടക്കാൻ ഒരുമിച്ച് നിക്കുക  എന്നല്ലാതെ  മറ്റെന്ത് ചെയ്യാൻ അല്ലെ..??
  ചിന്തിച്ചു നോക്കു നാം ഇത്ര നാൾ സംരക്ഷിച്ച ഒരു ദൈവവും അടച്ചിട്ട ആരാധനാലയങ്ങൾ തുറന്നു നേരിട്ട് വന്നു സംരക്ഷിച്ചില്ല. മറ്റുള്ളവരോട് മത്സരിച്ചും തട്ടിയെടുത്തും നേടിയെടുത്ത ഒന്നും നമ്മെ സംരക്ഷിക്കുന്നില്ല. രാജ്യങ്ങൾ പരസ്പരം നിലനിർത്തിയ വിദ്വെഷം  ഇല്ലാതാവുന്നു.ഒരു പൊതു ശത്രുവിനെ നേരിടാൻ...പഠിക്കുവാൻ ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ട വലിയ അനുഭവം.
    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ജീവൻ ഇല്ലാത്ത എന്നാൽ ജനിതക ഘടനയോടു സാമ്യമുള്ള വൈറസ് ലോകജനതയുടെ നല്ലൊരു ഭാഗത്തെ ആക്രമിക്കുകയും പത്തിലൊരു വിഭാഗത്തെ കൊല്ലുകയും ചെയ്തു.രോഗകാലഘട്ടത്തിലെ ഏറ്റവും ദുഷ്കരം രോഗവ്യാപന പ്രതിരോധ പ്രക്രിയ ആയ ഏകാന്തവാസമാണ്.ഒറ്റമുറിയിൽ പ്രാർത്ഥിച്ചും അതിജീവനത്തി പറ്റി ആകുലതപ്പെട്ടും കഴിയേണ്ടി വരുന്നത് ഭയാനക മെന്നു നാം വിശ്വസിക്കുന്നു.നിപ്പായും എബോളയും സാർസും അതിജീവിച്ചപ്പോൾ കോവിഡ് -19 നമ്മെ ഭയപ്പെടുത്തുന്നത് ഇത്തരം അകാരണമായ ഭയം ആണ്.
         വെള്ളവും ഭക്ഷണവും സ്വയം ഗ്രഹിക്കന്ന  ജ്ഞാനവും അതിലുപരി ശുദ്ധ വായുവും മതി ഒരു മനുഷ്യന് ജീവൻ നിലനിർത്താൻ എന്നിരിക്കെ, ലൗകികവും ആർഭാടവും ആഡംബരം നിറഞ്ഞതുമായ ജീവിതം ശീലിച്ച നമുക്ക്, പെട്ടെന്ന് തനിച്ചാവുമ്പോൾ,മരണം മുന്നിൽ നിൽക്കുമ്പോൾ ഇരുട്ടിനെ കാണുമ്പോൾ ഭയം വരികയും ദിശ തെറ്റുകയും ചെയ്യുന്നു.
            ഇനി ചിന്തകൾ ഒന്ന് മാറ്റി നോക്കു....രോഗ ബാധിതർക്ക് കിട്ടുന്ന ഒറ്റ മുറിയും,അതിലെ എണ്ണപ്പെട്ട ദിനങ്ങളും ഒരു വലിയ പറുദീസയാണ്..ആരുടേയും സാമീപ്യമോ അഭിപ്രായപ്രകടനമോ ,ശല്യമോ ഇല്ലാതെ സ്വയം തിരിച്ചറിയാനുള്ള പറുദീസ...മരവിച്ച സർഗാത്മകതയെ പുറത്തു എടുക്കാനുള്ള  സമയം.ശാരീരിക ക്ഷമത ഏറെ വേണ്ട കഴിവുകൾ ഇവിടെ പറ്റിയെന്നു വരില്ല.എന്നാൽ ജീവിതത്തിലേക്ക് ഒരു ചിട്ട കൊണ്ട് വരാനും നല്ലതിനെ ചിന്തിക്കാനും ധ്യാനം ചെയാനും നല്ല വായനക്കാരനെ പുറത്തെടുക്കാനും എഴുതാനും ഒക്കെ പറ്റിയേക്കും. ഓരോ  ദിനം കഴിയും തോറും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന  ജീവിതത്തിൽ ഇതൊരു ഇടവേള ആണ്.ബാല്യത്തിന്റെ ഓർമ്മകളിലേക്ക്  തിരിച്ചു പോകാനും,സ്വയം വിലയിരുത്താനുമുള്ള ഇടവേള.





No comments:

Post a Comment