Friday 12 March 2021



നാലാം തരം ...സ്കൂളിന്റെ ഒരു അരികിനോട് ചേർന്ന സാമാന്യം വലിയ ക്ലാസ് റൂം. നാല് എ ആണ്എന്നാണ്  ഓർമ്മ..നാല് ബി ക്ലാസ്  ഒരുപാട് ഇടുങ്ങിയതാരുന്നു.നാല് സി യുടെ കണക്കു ടീച്ചർ ഒരു വല്ലാത്ത സാധനവും (ടീച്ചർ ക്ഷമിക്കണം അന്നത്തെ അവസ്ഥ..!!).ഈ രണ്ടു ക്ലാസ്സിലും ഞാൻ ഇരുന്നിട്ടില്ല . അപ്പൊ എന്റെ ക്ലാസ് നാല് എ തന്നെ.ആവാനേ  വഴിയുള്ളു.(എന്താ മറവി..!!) അന്നൊക്കെ ഉച്ചക്കത്തെ ഇടവേള കഴിഞ്ഞാൽ അടുത്ത പീരീഡ്  ടീച്ചർ വരുന്നത് വരെ ക്ലാസ്സിൽ വല്ലാത്ത ബഹളമാണ്.അത്  നിയന്ത്രിക്കുക ഹെഡ്മാസ്റ്റർക്ക് അസ്സാദ്ധ്യമായതിനാൽ മുൻപേ പറഞ്ഞ കണക്കു ടീച്ചർ ഒരു വള്ളിചൂരലുമായ്  ഓരോ ക്ലാസ്സിലും കയറി ഇറങ്ങും.ആ സമയം അവനവന്റെ  ഇരിപ്പിടങ്ങളിൽ അല്ലാത്ത എല്ലാവര്ക്കും കിട്ടും നല്ല അടി .നിമിഷനേരം കൊണ്ട് സ്കൂൾ മുഴുവൻ നിശ്ശബ്ദമായിരിക്കും...!!

                 അങ്ങനെ ഒരു ദിവസം,ഉച്ചതിരിഞ്ഞ സമയം. എന്റെ ക്ലാസ്സിലും ടീച്ചർ എത്തി.ക്ലാസ് മുഴുവൻ നിശ്ശബ്ദമായി.പെട്ടെന്ന് ആരോ എന്റെ പേര് വിളിക്കുന്നത് പോലെ തോന്നി..ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.ക്ലാസ്സിൽ  അപാര നിശബ്ദത.എലാവരും അവരവരുടെ സ്ഥാനത്ത് ഇരിക്കുന്നു.ഞാനൊഴികെ..!!! (ആത്മാർത്ഥ കൂട്ടുകാർ ബെഞ്ചിൽ പോയിരിക്കാൻ  എനിക്ക് നൽകിയ നിർദ്ദേശം ആയിരുന്നു  ആ വിളി.പൊതുവെ സാമട്ടായ എനിക്ക് അത് മനസ്സിലായില്ല എന്നത് സത്യം.) 
ഞാൻ ടീച്ചറുടെ മേശയിലേക്ക് ചാരി നിക്കുന്നു.വാതിൽക്കൽ ചൂരലും  വിറപ്പിച്ചു മേല്പറഞ്ഞ ടീച്ചറും.ഒരു നിമിഷം നെഞ്ചു  പിടഞ്ഞു.കണ്ണിൽ ഇരുട്ട് കയറും പോലെ.എല്ലാവരും എന്നെയും ടീച്ചറെയും മാറി മാറി നോക്കുന്നു.ആ നിമിഷം  ഭൂമി പിളർന്നു  അങ്ങനെ താഴ്ന്നു  പോയെങ്കിൽ എന്ന് തോന്നിയിരുന്നു.പെട്ടെന്ന് ടീച്ചർ ചൂരൽ എന്റെ നേരെ നീട്ടി,മറ്റുള്ളവരെ നോക്കി ടീച്ചർ പറഞ്ഞു."എന്തിനാണ് അവളെ വിളിക്കുന്നത്.അവൾ അവിടെ നിന്ന് വായിക്കുക ആയിരുന്നില്ലേ.??".(സംഗതി സത്യം ആരുന്നു. മേശയിലേക്ക് ചാഞ്ഞു കിടന്നു ഏതോ കഥാപുസ്തകം വായിക്കുക ആരുന്നു പാവം ഞാൻ .) .ശേഷം ടീച്ചർ എന്നോട് ബെഞ്ചിൽ പോയ് ഇരിക്കാൻ പറഞ്ഞിട്ട് അടുത്ത ക്ലാസ്സിലേക്ക് പോയ്.  ഒരു നിമിഷം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ അവസ്ഥ. അനുഭവിച്ചവർക്കേ അറിയൂ അതിന്റെ മഹത്വം.
         
       ഈ പറഞ്ഞ ടീച്ചറെയും ,ചൂരലിനെയും അറിയാത്തവർ ഉണ്ടോ .??
.പക്ഷെ ഇങ്ങനെ വെറും ഭാഗ്യം കൊണ്ട് നല്ല ചൂരൽ കഷായം കിട്ടാതെ രക്ഷപെട്ടു  പോയവർ കുറവല്ലേ..???